ബ്രഹ്മശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍

പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ സന്ന്യാസി ശിഷ്യരില്‍ പ്രഥമസ്ഥാനീയനായിരുന്നു ബ്രഹ്മശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍.

മൂവാറ്റുപുഴ മാരവാടി (മാറാടി) ഗ്രാമത്തില്‍ പ്രസിദ്ധമായ വാളാനിക്കാട്ടുതറവാട്ടില്‍ 1047 ഇടവമാസം 13ന് തൃക്കേട്ടനാളില്‍ സ്വാമികള്‍ ഭൂജാതനായി. വാളാനിക്കാട്ട് കല്യാണിയമ്മയുടേയും പാമ്പാക്കുട ഗ്രാമത്തില്‍ കണിക്കുന്നേല്‍ തറവാട്ടില്‍ നീലകണ്ഠപിള്ളയുടേയും ഏഴുമക്കളില്‍ നാലാമനായിരുന്നു സ്വാമികള്‍. നന്നേ ചെറുപ്പത്തില്‍ തന്നെ സംസ്കൃതഭാഷ, വിഷവൈദ്യം, മന്ത്രശാസ്ത്രം മുതലായവ സ്വന്തം മാതുനലനില്‍ നിന്നു സ്വായത്തമാക്കിയ ജ്ഞാനസമ്പാദന കുതുകിയായിരുന്ന സ്വാമികള്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ദേശാടനത്തിനിറങ്ങി. ഈ യാത്രക്കിടയില്‍ ശംഗോപാചാര്യരില്‍ നിന്നും തര്‍ക്കശാസ്ത്രം, കുംഭകോണം കൃഷ്ണശാസ്ത്രികളില്‍ നിന്ന് വ്യാകരണം എന്നിവയില്‍ വിജ്ഞാനം നേടി. പലവട്ടം ഭാരതയാത്ര നടത്തിയിട്ടുള്ള സ്വാമികള്‍ തമിഴ്, കന്നട, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങി ഇതര ഭാരതീയ ഭാഷകളില്‍ വിജ്ഞാനം നേടിയെങ്കിലും സംസ്കൃതഭാഷയോടായിരുന്നു ആഭിമുഖ്യം.

ചട്ടമ്പിസ്വാമി തിരുവടികളില്‍ നിന്നും വിഷവൈദ്യത്തില്‍ ഉന്നതജ്ഞാനം തേടിയെത്തിയ നീലകണ്ഠപിള്ള ചട്ടമ്പിസ്വാമികളുടെ ഉപദേശപ്രകാരം ആത്മീയമാര്‍ഗ്ഗത്തിലേക്ക് തിരിയുകയും തന്‍റെ 21-‍ാ‍ം വയസ്സില്‍ സന്ന്യാസദീക്ഷ സ്വീകരിച്ച് നീലകണ്ഠതീര്‍ത്ഥപാദരെന്ന യോഗിവര്യനായി മാറുകയായിരുന്നു. തന്‍റെ സന്ന്യാസ ജീവിതത്തിനിടയില്‍ വേദാന്തം, യോഗം, തന്ത്രം, ജ്യോതിഷം, വിഷവൈദ്യം, ചരിത്രം, സാഹിത്യം ഇത്യാദികളിലും പാണ്ഡിത്യം നേടി. യോഗചര്യയിലും സാഹിത്യരചനയിലും മുഴുകിയ തീര്‍ത്ഥപാദരുടെ അച്ചടിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ 44 എണ്ണം കണ്ടെടുത്തിട്ടുണ്ട്. ജര്‍മ്മനി, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ പാഠപുസ്തകങ്ങളാണെന്നറിയുന്നു. നിരവധി കൈയ്യെഴുത്തുകളും താളിയോലഗ്രന്ഥങ്ങളും സ്വാമിയുടെ ഗൃഹത്തില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.

ശ്രീനാരായണ ഗുരുവിന്‍റെ ആഗ്രഹപ്രകാരം മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ 1091 കുംഭം 5 ന് പൂയം നാളില്‍ തീര്‍ത്ഥപാദര്‍ പ്രതിഷ്ഠാകര്‍മ്മം നടത്തിയത് തീര്‍ത്ഥപാദരും ഗുരുദേവനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ സൂചനയാണ്.

ആ മഹാപ്രതിഭ തന്‍റെ 49-‍ാം വയസ്സില്‍ ഗൃഹസ്ഥാശ്രമിയായിരുന്ന പ്രിയ ശിഷ്യന്‍ വേലുപ്പിള്ളയുടെ കരുനാഗപ്പിള്ളി പുതിയകാവ് പുന്നക്കുളം ഗ്രാമത്തിലെ താഴത്തോട്ട് തറവാട്ടില്‍ വച്ച് 1096 കര്‍ക്കിടകം 23 ന് ഉത്രം നാളില്‍ മഹാസമാധിയായി. താഴത്തോട്ട് തറവാട്ടുവക സ്ഥലത്ത് നിര്‍മ്മിച്ച കല്ലറയില്‍ പരമഗുരുപാദര്‍ ചട്ടമ്പിസ്വാമികള്‍ തന്നെ തന്‍റെ പ്രിയശിഷ്യനെ സമാധിയിരുത്തി. ആ കല്ലറയെ മൂടി ഒരു ചെറിയ ക്ഷേത്രവും അതിനുമുമ്പിലായി ഭക്തര്‍ക്ക് ഇരുന്ന് ആരാധിക്കാന്‍ ഒരു കെട്ടിടവും തുടര്‍ന്നു നിര്‍മ്മിച്ചു.

അതിനടുത്ത വര്‍ഷം (കൊല്ലവര്‍ഷം 12.9.1097)  ഉതൃട്ടാതി നാളില്‍ പരമഗുരുപാദര്‍ സ്വഹസ്തങ്ങളാല്‍ ആ ക്ഷേത്രത്തില്‍ സമാധിക്കുമുകളില്‍ ശിവലിംഗം പ്രതിഷ്ഠ നടത്തി. ഇവിടെ നിത്യപൂജയും മറ്റ് അനുഷ്ഠാനങ്ങളും മുടങ്ങാതെ നടന്നു വരുന്നു. താഴത്തോട് ശ്രീ നീലകണ്ഠതീര്‍ത്ഥപാദാശ്രമം എന്നറിയപ്പെടുന്ന ഈ സ്ഥാപനം ഇന്ന് ഒരു ട്രസ്റ്റിന്‍റെ ഭരണത്തിലാണ്. വാളാനിക്കാട് ഫാമിലി ട്രസ്റ്റിന്‍റെ ഒരു പ്രതിനിധിയും ഈ ഭരണസമിതിയിലുണ്ട്. വാളാനിക്കാട് മുണ്ടയ്ക്കല്‍ പ്രൊഫ. വി. എന്‍. വിജയനാണ് ഇപ്പോഴത്തെ പ്രതിനിധി. തീര്‍ത്ഥപാദസ്മാരകമായി പുതിയകാവില്‍ ഒരു സംസ്കൃത സ്കൂളും പ്രവര്‍ത്തിച്ചുവരുന്നു.

ശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികളുടെ കൃതികള്‍

 1. മൗസലം മണിപ്രവാളം
 2. സുന്ദോപ സുന്ദം നാടകം
 3. വേദാന്താര്യശതകം
 4. ശ്രീരാമഗീത ഭാഷ
 5. ആനന്ദമന്ദാരം
 6. ഹരികീര്‍ത്തനം
 7. രാമഹൃദയം ഭാഷ
 8. കൈവല്യ കരുളി
 9. ശ്രീമദാരാദ്യപഞ്ചകം
 10. പ്രശ്നോത്തര മഞ്ജരി
 11. അദ്വൈതപാരിജാതം
 12. ശിവാമൃതം
 13. ഹരിഷരത്നം
 14. ഹരിഭജനാമൃതം
 15. വിധുനവസുധാഝരി
 16. ഹരിപഞ്ചകം
 17. വിധുസ്തവമധുദ്രവം
 18. സ്വത്മസുധാകരം
 19. യോഗരഹസ്യകൗമുദി
 20. യോഗമഞ്ജരി
 21. അമൃത ലത
 22. കാളിപഞ്ചകം
 23. ദിവ്യക്ഷേത്രദര്‍ശം
 24. ലക്ഷ്മികടാക്ഷമാല
 25. ഭുവനേശ്വര സ്വരാഷ്ടകം
 26. സൂര്യാഷ്ടകം
 27. ആച്ചുതാന്ദലഹരി
 28. ശങ്കരാര്‍ദോദയം
 29. ശ്രീ നീലകണ്ഠപഞ്ചകം
 30. ദക്ഷിണാമൂര്‍ത്തി പഞ്ചകം
 31. അംബാ കൃപാംബുവാഹം
 32. സ്വരാജ്യലക്ഷ്മി പഞ്ചകം
 33. കണ്ഠാമൃതലഹരി
 34. പഞ്ചാക്ഷകസ്തോത്രം
 35. വിഷാമൃത്യുഞ്ജയം
 36. സ്തവമാല
 37. സ്വരാജ്യസര്‍വ്വസ്വം
 38. ബ്രഹ്മാഞ്ജലി
 39. ഹഠയോഗപ്രതീപിക
 40. ആചാര്യപദ്ധതി
 41. ദേവാര്‍ച്ചപദ്ധതി
 42. വേദാന്തമണിവിളക്ക്
 43. സങ്കല്പ്പ കല്പലതിത